ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യ ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ പ്രതിരോധയജ്ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6  കോടി വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയച്ചത്. 

ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, പ്രത്യേക പ്രായവിഭാഗത്തിലെ മുന്‍ഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്. തദ്ദേശീയമായ വാക്‌സിന്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.  ഇതുവരെ എഴുപതോളം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ചെയ്തു കഴിഞ്ഞു. 

ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്‌സിന്‍ വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിനാവശ്യമായ അളവ് വാക്‌സിന്‍ സംഭരിക്കാന്‍ ഉത്പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ ചൊവ്വാഴ്ച വ്യക്തമാക്കി. 

നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കുന്നത്. 

കോവാക്‌സിന് 81 ശതമാനവും കോവിഷീല്‍ഡിന് 70 ശതമാനവുമാണ് ഉപഭോക്താക്കള്‍ ഫലപ്രാപ്തി അവകാശപ്പെടുന്നത്. 2021 ജനുവരിയില്‍ രാജ്യത്താരംഭിച്ച വാക്‌സിന്‍ വിതരണ പ്രകിയയിലൂടെ മൂന്നരക്കോടി ഡോസുകള്‍ ജനങ്ങള്‍ക്ക് നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

 

Content Highlights: India has supplied about 60 million vaccine doses to other countries