ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിനെതിരായുള്ള പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന് ഇന്ത്യയുടെ 3.2 കോടി രൂപയുടെ (2.5 കോടി ഫിലിപ്പീന്‍ പെസോ) സഹായം. ഭീകരവാദികളുടെ വലിയ സാന്നിധ്യമുള്ള മിഡാനാവോ പ്രവിശ്യയിലെ മരാവി എന്ന നഗരത്തില്‍ ഐഎസ് മൂലമുണ്ടായ ദുരിതങ്ങളെ നേരിടുന്നതിനാണ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നത്.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമാണ്  ഇന്ത്യ സഹായം നല്‍കുന്നത്. ഭീകരാക്രമത്തിന്റെ ഫലമായ ദുരിതങ്ങളെ നേരിടുന്നതിന് മറ്റൊരു രാജ്യത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നത് ഇത് ആദ്യമായാണ്.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അലന്‍ പീറ്റര്‍ സെയന്താനോയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ സഹായം ലഭ്യമാക്കാന്‍ തീരുമാനമായത്. ഐഎസ് ആക്രമണത്തില്‍ മരാവി നഗരത്തിലുണ്ടായ നാശനഷ്ടങ്ങളിലും ജീവനാശത്തിലും സുഷമാ സ്വരാജ് അനുശോചനവും സാഹാനുഭൂതിയും പ്രകടിപ്പിച്ചതായി ഫിലീപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഏഴ് ആഴ്ചകളായി ഫിലിപ്പീന്‍സ് സൈന്യവും ഐഎസ് അനുകൂല ഭീകര സംഘടനകളും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. 90 സൈനികരും 380 തീവ്രവാദികളും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. നിരവധി പേരെ തീവ്രവാദികള്‍ തടവുകാരാക്കിരിക്കുകയാണ്. ഇപ്പോഴും ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഫിലിപ്പീന്‍സിന് ഏറ്റവും കൂടുതല്‍ സഹായമെത്തിക്കുന്ന രാജ്യം ഇന്ത്യയാണ്. ഫിലിപ്പീന്‍സുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന ചൈന നല്‍കിയത് 1.5 കോടി ഫിലിപ്പീന്‍ പെസോയാണ്.