ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്‌സ് ലെഡ്രിയാനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍പരീക്കറുമാണ് കരാറില്‍ ഒപ്പുവെച്ചത്.
59,000 കോടി രുപയുടേതാണ് കരാര്‍. ഇതു സംബന്ധിച്ച് ഏറെ അനിശ്ചിത്വത്തം നിലനിന്നിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് റാഫേല്‍ ജെറ്ററുകള്‍ വാങ്ങാന്‍ ധാരണയായത്.
കരാറില്‍ ഒപ്പുവച്ച് മൂന്നു മുതല്‍ ആറു വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഇരട്ട എന്‍ജിനുകളുള്ള ജെറ്റ് യുദ്ധവിമാനങ്ങളാണിവ.
ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോര്‍ മിസൈല്‍, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും നാല് മാസം മുമ്പ് ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായിരുന്നു വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നത്. കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം.
നേരത്തെ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 120 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നത് വെട്ടിച്ചുരുക്കിയാണ് ഇപ്പോള്‍ 36 റാഫേല്‍ വിമാനങ്ങളില്‍ കരാറായിരിക്കുന്നത്. വില സംബന്ധിച്ച തര്‍ക്കമാണ് എണ്ണം വെട്ടിക്കുറക്കാനിടയാക്കിയത്.