Representative Image. Photo: Reuters
ന്യൂഡൽഹി: 1980ന് ശേഷം ഇന്ത്യയിലെ ജനന, പ്രത്യുൽപ്പാദന നിരക്ക് അയൽരാജ്യമായ ചൈനയെക്കാൾ ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ പ്രത്യുൽപ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേൾഡ് ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ചൈന 1979 മുതൽ വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയിട്ടും ജനന, പ്രത്യുൽപ്പാദന നിരക്ക് ചൈനയെക്കാൾ കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
1980ൽ ചൈനയിലെ പ്രത്യുൽപാദന നിരക്ക് ഒരു സ്ത്രീക്ക് 2.61 കുട്ടികൾ എന്നതായിരുന്നു. 2019ലെ കണക്ക് പ്രകാരം ഇത് ഒരു സ്ത്രീക്ക് 1.69 കുട്ടികളായി കുറഞ്ഞു. 1980ൽ ഇന്ത്യയിൽ ഒരു സ്ത്രീക്ക് 4.82 കുട്ടികൾ എന്നതായിരുന്നു പ്രത്യുൽപാദന നിരക്ക്. 2019ൽ ഇത് 2.2 കുട്ടികളായി കുറഞ്ഞു. 1980-2019 വരെയുള്ള കാലയളവിൽ ചൈനയുടെ പ്രത്യുൽപാദന നിരക്കിൽ 35 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ ഇന്ത്യയിലെ പ്രത്യുൽപ്പാദന നിരക്ക് 54 ശതമാനവും കുറഞ്ഞുവെന്നാണ് കണക്ക്.
ചൈനയുടെ ജനനനിരക്കിൽ 42 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ ഇന്ത്യയിൽ ഇത് 50 ശതമാനത്തിലേറെ കുറഞ്ഞു. 1980ൽ ആയിരം പേർക്ക് 36.16 ആയിരുന്നു ഇന്ത്യയിലെ ജനനനിരക്ക്. 2019ഓടെ ഇത് ഗണ്യമായി കുറഞ്ഞ് 17.64 ലെത്തി. 1980ൽ ആയിരം പേർക്ക് 18.21 ആയിരുന്ന ചൈനയുടെ ജനനനിരക്ക് പുതിയ കണക്കുപ്രകാരം 10.5 ആയി കുറഞ്ഞു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ജനന നിരക്കിലുണ്ടായ കുറവ് വേഗത്തിലും സ്ഥിരതയാർന്നതുമാണ്.
2020ലെ ചൈനയുടെ വാർഷിക ജനസംഖ്യാ വർധന നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കിൽ 75 ശതമാനത്തിലേറെ കുറവുണ്ടായി. ഇതേകാലയളവിൽ 2.32 ശതമാനമായിരുന്ന ഇന്ത്യയിലെ വാർഷിക ജനസംഖ്യാ വർധന നിരക്ക് നിലവിൽ 0.98 ശതമാനമാണ്. അതേസമയം 1980ന് ശേഷം ഇന്ത്യയിലെ ആകെ ജനസംഖ്യ ഏകദേശം ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. ചൈനയിൽ ഇക്കാലയളവിൽ ജനസംഖ്യ 42 ശതമാനമാണ് വർധിച്ചത്.
1979ൽ ഏർപ്പെടുത്തിയ വൺ ചൈൽഡ് പോളിസി പിൻവലിച്ച് 2016ൽ ചൈന ടു ചൈൽഡ് പോളിസിലേക്ക് മാറിയിരുന്നു. നിലവിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾക്ക് വരെയും ചൈനീസ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
content highlights:India Fertility Rate Sees Massive Drop Than That of Chinas Data Shows
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..