പ്രധാനമന്ത്രി നരേന്ദ്രമോദി ബെർലിനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു | Photo: PTI
ബെര്‍ലിന്‍: മൂന്ന് ദശകങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ജനത. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാന്‍. മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തിന് 'ഒരു ബട്ടണ്‍' അമര്‍ത്തിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ജനത അന്ത്യം കുറിച്ചത്. 30 വര്‍ഷത്തിന് ശേഷം 2014-ല്‍ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ അതേ സര്‍ക്കാരിനെ ഇന്ത്യന്‍ ജനത കൂടുതല്‍ ശക്തമാക്കി. സര്‍ക്കാര്‍ വിവിധ പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിഷ്കാരങ്ങള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ രാജ്യം മുന്‍പന്തിയിലാണ്. രാജ്യവും സംവാധാനവും ഓഫീസുകളും എല്ലാം സമാനമാണ്, പക്ഷെ അതില്‍നിന്ന് ലഭിക്കുന്ന ഫലം മുന്പത്തേക്കാള് മെച്ചപ്പെട്ടതാണ്, പ്രധാനമന്ത്രി വിശദീകരിച്ചു.
മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലമായ വരവേല്‍പ്പാണ് വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ജര്‍മനിയുടെ മികച്ച പങ്കാളിയെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. സുരക്ഷാ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ഇരുരാജ്യങ്ങളും പങ്കാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Content Highlights: India Ended 3 Decades Of Instability By Pressing Button PM Modi In Germany
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..