പ്രതീകാത്മകചിത്രം | Photo : AFP
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്ക്കാലികനിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണപങ്കാളിയായ യൂണിസെഫ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഗവി(GAVI)യും ലോകാരോഗ്യസംഘടനയും ആഗോള വാക്സിൻ പങ്കുവെക്കൽ സംവിധാനത്തിലൂടെ പിന്തുണ നൽകുന്ന രാജ്യങ്ങളാണിവ. കൂടുതൽ വാക്സിൻ ഡോസുകളുടെ കയറ്റുമതിയ്ക്കായുള്ള അനുമതി വൈകുന്നതിനാലാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തതെന്നും മാർച്ച് അവസാനമോ ഏപ്രിലിലോ വാക്സിൻ കയറ്റുമതി സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂണിസെഫ് അറിയിച്ചു.
എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും യൂണിസെഫ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് വിദേശകാര്യ മന്ത്രാലയമോ സിറം ഇൻസ്റ്റിട്യൂട്ടോ പ്രതികരിച്ചിട്ടില്ല. ബ്രസീൽ, ബ്രിട്ടൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം നിലവിൽ ഏറെക്കുറെ മന്ദഗതിയാലാണ്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.
ഏകദേശം 52 ദശലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്തതായാണ് കണക്കുകൾ നൽകുന്ന സൂചന. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മേൽ പ്രായമുള്ളവർക്കു കൂടി വാക്സിൻ വിതരണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 141 ദശലക്ഷം ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ 70 ദശലക്ഷം ഡോസുകളുടെ ഉത്പാദനത്തിൽ നിന്ന് ഏപ്രിൽ/ മേയ് മാസത്തോടെ 100 ദശലക്ഷം ഡോസുകളാക്കി ഉത്പാദനശേഷി വർധിപ്പിക്കാനാണ് സിറം ലക്ഷ്യമിടുന്നതായി റോയ്ട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: India Delays Big Exports Of Vaccine Shot As Infections Surge Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..