ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ തള്ളി. കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ചര്‍ച്ച വേണ്ടത് അതിര്‍ത്തികടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നും ഇന്ത്യ മറുപടിയില്‍ പറഞ്ഞു.
പാക് സ്ഥാനപതി ഗൗതം ബംബേവാലെയാണ് ഇന്ത്യയ്ക്കുവേണ്ടി മറുപടി കത്ത് കൈമാറിയത്. പാകിസ്താന് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കറിന് ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് കത്ത് കൈമാറിയത്.
പാക്കിസ്താന് താല്പര്യം അറിയിച്ച് കത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബലൂചിസ്താനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം. പാക് അധീന കാശ്മീരിലും ബലൂചിസ്താനിലും പാക് സൈന്യം നടത്തുന്ന ക്രൂരതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ബലൂചിസ്താന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യാ-പാക് ബന്ധം വഷളായതിനെത്തുടര്‍ന്ന് പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ധനകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്ലി പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്നാഥ് സിംഗിന്റെ പാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട അതൃപ്തിയും മറനീക്കി പുറത്തുവന്നിരുന്നു.
കാശ്മീര്‍ വിഷയത്തോടൊപ്പം തന്നെ പാകിസ്താന് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് സഹായം ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിനിടെ ബുധനാഴ്ച കശ്മീരിലെ ബാരാമുള്ളയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് സൈനികരും കൊല്ലപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..