ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,998 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,509 മരണവും മഹാരാഷ്ട്രയിലാണ്. നേരത്തെയുള്ള മരണങ്ങൾ കോവിഡ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിനാലാണ് മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയർന്നത്.

3,12,16,337 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 2.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ മുപ്പതാം ദിവസമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാകുന്നത്.

3,03,90,687 പേർ ഇതിനോടകം രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 36,977 പേർ രോഗമുക്തി നേടി. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 4,07,170 പേരാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,18,480 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

രാജ്യത്തുടനീളം 41,54,72,455 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 34 ലക്ഷത്തിലേറെ വാക്സിൻ ഡോസുകൾ നൽകി.

content highlights:india covid roundup