ന്യൂഡല്‍ഹി: 18,885 പുതിയ കേസുകള്‍ കൂടി ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴായിരത്തിലധികം കേസുകളാണ് അധികമായി സ്ഥിരീകരിച്ചത്. 

20,746 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവില്‍ രാജ്യത്ത് സജീവരോഗികളുടെ എണ്ണം 1,71,686 ആണ്. 

ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 163 പേരാണ് കോവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 1,54,010 ആയി. 29,28,053 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

കേരളത്തില്‍ ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 5771 പേര്‍ക്കാണ് പുതിയതായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേര്‍ നിരീക്ഷണത്തിലുണ്ട്. 1601 പേരെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

 

Content Highlights: India Covid-19 Updates