Photo: ANI
തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് (വ്യാഴാഴ്ച) ഒരു ലക്ഷം കടന്നു. 122 ദിവസങ്ങള്‍ക്ക് ശേഷമാണ് സജീവരോഗികള്‍ ഒരു ലക്ഷത്തിനു മേലെയാവുന്നത്. കൃത്യമായി പറഞ്ഞാല്‍ 2022 ഫെബ്രുവരി 28-ന് 102601 രോഗികളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 104555-ല്‍ എത്തി.
ലോകത്ത് ലക്ഷത്തിലേറെ സജീവ കോവിഡ് രോഗികളുള്ള 25 രാജ്യങ്ങളില്‍ 25-ാമത്തെ രാജ്യമാണ് ഇന്ത്യ. ആശങ്കപ്പെടാനേറെയൊന്നുമില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പാടില്ല എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
വാക്‌സിനേഷനില്‍ ലോകത്ത് മുന്നിലാണ് ഇന്ത്യ. അതുകൊണ്ടു തന്നെ മരണനിരക്ക് സാരമായി കുറഞ്ഞിട്ടുമുണ്ട്. എങ്കിലും ഇനിയും വാക്‌സിനേഷന്‍ എടുക്കാത്ത നിരവധി പേരുണ്ട്. 197 കോടിയിലേറെ വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് നല്‍കിയത്. രണ്ടുകോടി 38 ലക്ഷം വാക്‌സിനുകള്‍ കൂടി കഴിഞ്ഞാല്‍ ഏറെ വൈകാതെ തന്നെ 200 കോടി വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറും.
കേരളത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്- 4,459. മഹാരാഷ്ട്ര (3,957), കര്‍ണ്ണാടക (1,945), തമിഴ്നാട് (1,827), പശ്ചിമബംഗാള്‍ (1,424), ഡല്‍ഹി (1,109) എന്നിവയാണ് ഇന്ന് ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആകെ 18,819 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 13827 പേര്‍ രോഗമുക്തി നേടി, 39 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ പുതിയ കേസുകളുടെ ഏഴുദിന ശരാശരി ഇപ്പോള്‍ പതിനയ്യായിരത്തിന് മുകളിലാണ്.
Content Highlights: india covid 19 update
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..