ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം വരുംദിവസങ്ങളില്‍ മൂര്‍ധന്യത്തിലെത്തിച്ചേരുമെന്ന് വിദഗ്ധര്‍. പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തയ്യാറാക്കിയ ഗണിതമാതൃക അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം അടുത്ത ദിവസങ്ങളില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് അനുമാനിക്കുന്നത്. മേയ് മധ്യത്തോടെ രോഗവ്യാപനം പാരമ്യത്തിലെത്തിയേക്കുമെന്നാണ് സംഘത്തിന്റെ അനുമാനം. എന്നാല്‍ രോഗവ്യാപനത്തെ സംബന്ധിച്ച് ഇവര്‍ കഴിഞ്ഞ മാസം തയ്യാറാക്കിയ കണക്കുകൂട്ടലുകളില്‍ പിഴവ് സംഭവിച്ചിരുന്നു. 

രാജ്യത്തെ ആശുപത്രികളും ശ്മശാനങ്ങളും ദിവസങ്ങളോളമായി നിറഞ്ഞു കവിയുന്ന അവസ്ഥ തുടരുന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന രോഗികളുടെ എണ്ണവും കോവിഡ് മരണസംഖ്യയും കൃത്യമായിരിക്കാന്‍ ഇടയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന രോഗികളുടെ എണ്ണം 4,12,262 ആണ്. മരണസംഖ്യ 3,980. എന്നാല്‍ ഇത് കൃത്യമായ കണക്കാവാനുള്ള സാധ്യത കുറവാണെന്നും അതു കൊണ്ടുതന്നെ വരുംദിവസങ്ങളില്‍ എത്ര പേര്‍ക്ക് കൂടി രോഗം ബാധിക്കാനിടയുണ്ടെന്ന കൃത്യമായ നിഗമനത്തിലെത്തിച്ചേരുന്നത് അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

രാജ്യവ്യാപക ലോക്ഡൗണ്‍ ഒഴിവാക്കി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അനുമതി പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തീവ്രത കൃത്യമായി കണക്കുകൂട്ടുന്നതിന് ശരിയായ കോവിഡ് കണക്കുകള്‍ അനിവാര്യമാണ്. മറിച്ചാവുന്നത് അനുമാനങ്ങള്‍ തെറ്റാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് അസാധ്യമാക്കാനും ഇടയുണ്ട്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്ന് ഹൈദരബാദ് ഐ.ഐ.ടിയിലെ അധ്യാപകനായ മാതുകുമല്ലി വിദ്യാസാഗര്‍ പറഞ്ഞു. ഐ.ഐ.ടി. കാണ്‍പുരിലെ അധ്യാപകനായ മനീന്ദ്ര അഗര്‍വാള്‍ തയ്യാറാക്കിയ മാതൃക  അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രവചനം. നിലവിലെ കണക്കുകള്‍ പ്രകാരം ജൂൺ അവസാനത്തോടെ പ്രതിദിന കേസുകൾ 20,000 ആയി കുറയുമെന്നും വിദ്യാസാഗര്‍ പറയുന്നു. ഏപ്രില്‍ അവസാനത്തോടെ കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്ന വിദ്യാസാഗറിന്റെ മുന്‍നിഗമനം പിഴച്ചിരുന്നു. 

വരുന്ന ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുമെന്ന് ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെടുന്നു. ജൂണ്‍ പതിനൊന്നോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,04,000 ആകുമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് സയന്‍സ് പറയുന്നു. ഇതിനോടകം തന്നെ ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. 15 ദിവസത്തോളം തുടര്‍ച്ചയായി ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലായാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അത് നാല് ലക്ഷം കടന്നു. ആകെ രോഗബാധിതര്‍ 21 ദശലക്ഷത്തിലധികമായി. 

രാജ്യത്ത് അലയടിക്കുന്ന രണ്ടാം തരംഗത്തിന് പിന്നില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസാണെന്ന വാദത്തില്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഉറച്ചു നില്‍ക്കുന്നു. ആശുപത്രികളിലെ വൈറസ് സാന്നിധ്യം അധികമടങ്ങാണെന്നും വ്യാപനശേഷി കൂടിയതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൈറസിന്റെ പുതിയവകഭേദങ്ങള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണനടപടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയും ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചും രോഗവ്യാപനം അനുദിനം രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്.

Content Highlights: India Covid-19 Peak In Coming Days 20,000 A Day By June End Forecast