ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികോദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. പത്താംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നതസൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള പുതിയ ചര്‍ച്ച. 

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം മോള്‍ഡോ ബോര്‍ഡര്‍ പോയിന്റിലാണ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുക. ഏകദേശം ഒമ്പതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്. 

പാങ്‌ഗോങ് തടാകത്തിന്റെ വടക്കു ഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും സേനകളുടെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം എന്ന കരാറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്നത്. ഇതിനു പിന്നാലെ ഫെബ്രുവരി പത്തിന് സേനാപിന്മാറ്റം ആരംഭിക്കുകയും ചെയ്തു.

content highlights: india-china pangong disengagement talk