ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സമാധാനപാതയിലേക്കെന്ന് സൂചന. പാംഗോങ്‌ തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി. ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്കു പിന്നാലെയാണിത്. മേഖലയില്‍നിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ഇരുസേനകളും കൈക്കൊള്ളുന്നത്. 

തങ്ങള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ചൈന പൊളിച്ചു നീക്കുന്നത് തുടരുകയാണ്. ഹെലിപ്പാഡ് അടക്കമുള്ളവയാണ് ചൈന ഈ ഭാഗത്ത് നിര്‍മിച്ചിരുന്നത്. കൂടാതെ വലിയ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയും നീക്കം ചെയ്തിട്ടുണ്ട്. 

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കുഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി, അടുത്തവട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. 

അടുത്തവട്ടം വടക്കന്‍ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഏകദേശം 18 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഇവിടെ ചില മേഖലകളില്‍ ചൈന കടന്നുകയറിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരികയാണ്. 

content highlights: india-china disengagement pact: china removes constructions from finger five