ന്യൂഡൽഹി: കോവിഡിനെ ചെറുക്കാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലോകത്താകമാനം 200 കോടി ഡോസ് വാക്സിൻ ജനങ്ങൾക്ക് നൽകിയെന്ന് കണക്കുകൾ. ഇതിൽ 60 ശതമാനത്തിലേറെ വാക്സിനും ഇന്ത്യ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളിലുള്ളവർക്കാണ് നൽകിയതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

വാക്സിനേഷനിൽ ചൈനയാണ് മുന്നിൽ. ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്സിൻ ചൈനയിൽ ജനങ്ങൾക്ക് നൽകി. യുഎസിൽ വാക്സിനേഷൻ 29.7 കോടി ഡോസ് കടന്നു. മൂന്നാമതുള്ള ഇന്ത്യയിൽ 21.6 കോടിയിലേറെ ഡോസ് വാക്സിൻ ഇതിനോടകം ജനങ്ങൾക്ക് നൽകി. ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളാണ് വാക്സിനേഷൻ കണക്കിൽ തൊട്ടുപിന്നിലുള്ളത്.

വാക്സിനേഷനിൽ മുന്നിലുള്ള ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ദിനംപ്രതി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും മരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്സിനേഷൻ വേഗത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താൽ ആഗോളതലത്തിൽ വാക്സിനേഷൻ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.

content highlights:India, China and US account for 60% of vaccine doses administered globally