ന്യൂഡല്‍ഹി: പ്രളയബാധിതരുടെ ദു:ഖത്തിനൊപ്പം പങ്കുചേര്‍ന്നും കശ്മീരിലെ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദി. 73-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്വാതന്ത്രദിന പ്രസംഗത്തില്‍ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. 

രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്. 

രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം രാജ്യത്തെ എല്ലാ സഹോദരീ-സഹോദരന്മാര്‍ക്കും അദ്ദേഹം രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു. 

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതമേഖലകളില്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികളെും അദ്ദേഹം അനുസ്മരിച്ചു. നിരവധിപേര്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ബലിനല്‍കി. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ തൂക്കിലേറി. ഇന്ന് ഞാന്‍ അവരെയെല്ലാം ഓര്‍മ്മിക്കുന്നു. 

പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടശേഷം എനിക്ക് വീണ്ടും നിങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് ആഴ്ചകള്‍ ആയിട്ടുള്ളുവെങ്കിലും വികസനപദ്ധതികള്‍ക്ക് വേഗത്തിലാണ്. ഞങ്ങളുടെ ജോലികള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാത്തിരിക്കാനാകില്ല. 

ആര്‍ട്ടിക്കിള്‍ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. മുത്തലാഖ് ബില്ല് നടപ്പിലാക്കിയതിലൂടെ ഞങ്ങള്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കി. 

ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു. 

ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികള്‍ അനീതികള്‍ക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണ്. 

2014-ലെ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ മനോഭാവം ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഈ രാജ്യത്ത് മാറ്റം സാധ്യമാകുമോ എന്നായിരുന്നു അന്ന് എല്ലാവരും ചിന്തിച്ചിരുന്നത്. പക്ഷേ, അഞ്ചുവര്‍ഷത്തിനുശേഷം 2019-ല്‍ ഈ രാജ്യം മുഴുവന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാക്ഷിയായി. രാജ്യത്തെ പൗരന്മാര്‍ ആത്മവിശ്വാസമുള്ളവരായി. അതെ, എന്റെ രാജ്യത്തിന് മാറാന്‍ കഴിയും. 

ആത്മവിശ്വാസവും ഉറച്ചതീരുമാനവും ലക്ഷ്യബോധവുമാണ് ഏതൊരു വിജയത്തിന്റെയും പിന്നിലെ നിര്‍ണായകഘടകങ്ങള്‍. ഇതെല്ലാമുണ്ടെങ്കില്‍ ആര്‍ക്കും ഒന്നും തടുക്കാനാകില്ല. 

മുത്തലാഖ് എന്ന വാള്‍ മുസ്ലീം സഹോദിമാരുടെയും അമ്മമാരുടെയും മുകളില്‍നില്‍ക്കുന്നത് നിങ്ങള്‍ കണ്ടതാണ്. മുത്തലാഖ്  അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല. നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത് നിരോധിച്ചതാണ്. പക്ഷേ, ചില കാരണങ്ങള്‍കൊണ്ട് ഇന്ത്യയില്‍ അത് നടപ്പായില്ല. സതിക്കെതിരെ നമുക്ക് ശബ്ദുമുയര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്താനാകില്ലെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. 

കഴിഞ്ഞ 70 വര്‍ഷമായി ചെയ്യാതിരുന്ന ഒരുകാര്യമാണ് ആദ്യത്തെ 70 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ ചെയ്തത്. അതും രാജ്യത്തിന്റെ ഇരുസഭകളിലും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ. ജനാധിപത്യത്തിന്റെയും അംബേദ്കറിന്റെയും വികാരം ഉള്‍ക്കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും മോദി പറഞ്ഞു. 

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി 3.5 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് കേവലം ഒരു സര്‍ക്കാര്‍തലത്തില്‍ മാത്രം ഒതുങ്ങുന്ന പദ്ധതിയല്ലെന്നും, സ്വച്ഛത മിഷന്‍ പോലെ ഇതും ജനങ്ങളുടെ പങ്കാളിത്തതോടെയുള്ള പദ്ധതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 

Content Highlights: india celebrating 73rd independence day on 2019 august 15, pm modi unfurls tri colour flag in delhi red fort