ന്യൂഡല്‍ഹി:  പാക് അധീനപ്രദേശങ്ങളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താന്‍ നമ്മുടെ അയല്‍ക്കാരാണ്. നല്ലവഴിക്കായാല്‍ പ്രശ്‌നമില്ല, സപ്തംബറില്‍ നടത്തിയതുപോലെ മിന്നലാക്രമണം വേണ്ടിവരില്ല. എന്നാല്‍ തീവ്രവാദ സംഘടനകളോ മറ്റാരെങ്കിലുമോ ഇന്ത്യയെ ലക്ഷ്യം വച്ചാല്‍ മിന്നലാക്രമണം ആവര്‍ത്തിക്കില്ല എന്ന് ഒരു ഉറപ്പും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചാനലായ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥിന്റെ ഈ പ്രതികരണങ്ങള്‍.

ദാവൂദ് ഇബ്രാഹിമിനെ തിരികെ എത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്. അതിന് സമയമെടുത്തേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തെ വിമര്‍ശിക്കാന്‍ തയാറാകാതിരുന്ന രാജ്‌നാഥ് പ്രാദേശിക തീവ്രവാദ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും അത്തരമൊരു തീരുമാനം ട്രംപ് എടുത്തതെന്നും പറഞ്ഞു.