ന്യൂഡല്‍ഹി: സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന് നിര്‍ദേശവുമായി വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി. സ്വകാര്യ മേഖലയെ സഹകരിപ്പിക്കുകയാണെങ്കില്‍ 60 ദിവസംകൊണ്ട് രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനു മുന്നിലാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം വെച്ചത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലയെക്കൂടി എത്രയും പെട്ടെന്ന് വാക്‌സിനേഷനില്‍ പങ്കെടുപ്പിച്ചാല്‍ 50 കോടി പേര്‍ക്ക് 60 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കാനാകും എന്നാണ് കരുതുന്നത്. പ്രായോഗികമായ ഒരു കാര്യമാണിത്, അദ്ദേഹം പറഞ്ഞു. ധനമന്ത്രി കൂടി പങ്കെടുത്ത ഒരു ഓണ്‍ലൈന്‍ സംവാദ പരിപാടിയിലാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്‍ ഒരു ഡോസിന് 300 രൂപ നിരക്കില്‍ ലഭ്യമാണ്. ഇത് വിതരണം ചെയ്യുന്നതിന് ഡോസിന് 100 തോതില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയാല്‍ വിതരണം വേഗത്തിലാക്കാം. ഡോസിന് മൊത്തം 400 രൂപയേ ചെലവ് വരൂ. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാണ് അഭിപ്രായം, അസിം പ്രേംജി പറഞ്ഞു.
റെക്കോര്‍ഡ് വേഗത്തില്‍ കോവിഡ് 19ന് എതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അത് വലിയ തോതില്‍ ഇപ്പോള്‍ നല്‍കിവരുന്നുമുണ്ട്. സര്‍ക്കാര്‍ കഴിയുന്നത്ര മികച്ച രീതിയില്‍ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India Can Vaccinate 50 Crore In 60 Days If Privateers Help- Azim Premji