വനംവകുപ്പ് അധികൃതർ നിർമിച്ച പാലം | Photo: BBC
നൈനിറ്റാള്‍: മുളയും ചണവും പുല്ലും വള്ളിയുമെല്ലാം കൂട്ടിക്കെട്ടി അസ്സലൊരു പാലം. അതും റോഡില്‍ നിന്ന് 27മീറ്റര്‍ ഉയരത്തില്‍. പക്ഷെ മനുഷ്യര്‍ക്ക് നടക്കാനുള്ളതല്ലെന്ന് മാത്രം.
തിരക്കുള്ള ഹൈവേ കടന്ന് അപ്പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്ന ചെറുമൃഗങ്ങള്‍ക്ക് വേണ്ടിയാണ് നൈനിറ്റാളില്‍ ഇത്തരമൊരു പാലം ഉണ്ടാക്കിയിരിക്കുന്നത്.
നിരന്തരം വാഹനങ്ങള്‍ പോകുന്ന ഹൈവേ കടക്കുന്നതിനിടെ നിരവധി ചെറുമൃഗങ്ങള്‍ക്കാണ് വാഹനത്തിനിടയില്‍പ്പെട്ട് ജീവന്‍ നഷ്ടമാവുന്നത്. പെട്ടന്ന് റോഡിലിക്കിറങ്ങുന്ന ജന്തുക്കളെ തട്ടി വാഹാനാപകടങ്ങള്‍ ഉണ്ടാവുന്നതും പതിവാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വനം വകുപ്പ് അധികൃതര്‍ ഇടപെട്ട് പാലം നിര്‍മിച്ചത്.
മൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ പാലത്തിനെ ബന്ധിപ്പിച്ച് വള്ളിച്ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പാലത്തിന്റെ രണ്ട് ഭാഗത്തും സ്ഥാപിച്ച ക്യാമറകളിലൂടെ മൃഗങ്ങളുടെ പോക്കുവരവും നിരീക്ഷിക്കാന്‍ കഴിയും.
'ദേശീയപാതയ്ക്ക് രണ്ട് ഭാഗത്തും നിബിഡവനമുള്ള മേഖലയാണിത്, പുലി, ആന, മാന്‍ തുടങ്ങിയവ ഈ വഴിയിലൂടെ കടന്നുപോവാറുണ്ട്. വാഹനമോടിച്ചെത്തുന്നവര്‍ക്ക് ഇവയെ ദൂരെ നിന്ന് തിരിച്ചറിയാനും വാഹനം നിര്‍ത്താനും സാധിക്കും. എന്നാല്‍ ചെറിയ മൃഗങ്ങളും ഇഴജന്തുക്കളും അതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് കൊല്ലപ്പെടും. അതിനാലാണ് ഇത്തരമൊരു പാലം നിര്‍മിച്ചത്' വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
പുതുതായി നിര്‍മിച്ച പാലത്തെ കാണാനും സഞ്ചാരികളുടെ തിരക്കാണിവിടെയുള്ളത്. ഇത്തരം പ്രദേശങ്ങളിലെ ചെറിയ മൃഗങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ബോധവത്കരണമാണ് പാലം നിര്‍മിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: India builds bridge to help reptiles cross road
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..