ന്യൂഡല്‍ഹി: പാകിസ്താന്റെയും ചൈനയുടെയും കണ്ണില്‍ പെടാതെ ലഡാക്കിലേക്ക് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയുള്‍പ്പെടെയുള്ള മേഖലകളിലേക്ക് കൂടുതല്‍ റോഡുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. ഇതിനും പുറമെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാഹന ഗതാഗത യോഗ്യമായ റോഡ് ഖാര്‍ദുങ് ലാ ചുരത്തിലൂടെ നിര്‍മിക്കാനുള്ള നീക്കവും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.

സോജിലാ ചുരം വഴി പോകുന്ന നിലവിലെ പാതയേക്കാള്‍ കുറഞ്ഞ സമയത്തിനകം മണാലിയില്‍ നിന്ന് ലേയിലേക്ക് എത്താനാകുന്ന തരത്തിലാകും പുതിയ പാത നിര്‍മിക്കുക. പൂതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ യാത്രാസമയത്തില്‍ കുറവുണ്ടാകും.

ലഡാക്കിലേക്ക് ആയുധങ്ങളും സൈനികരെയും വിന്യസിക്കാനുള്ള മാര്‍ഗമായി പുതിയ പാത ഉപയോഗിക്കാനാകും. പാകിസ്താന്റെയും ചൈനയുടെയും നിരീക്ഷണത്തില്‍ പെടാതെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് സഹായിക്കുന്നതാണ് ഈ റോഡ്. 

സോജിലാ ചുരം വഴിയുള്ള നിലവിലെ റോഡ് ചരക്കുനീക്കത്തിനും സൈനിക നീക്കത്തിനുമാണ് ഉപയോഗിക്കുന്നത്. കാര്‍ഗില്‍, ദ്രാസ് എന്നിവിടങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത്  ഇതിലൂടെയുള്ള സൈനിക നീക്കം ദുഷ്‌കരമായിരുന്നു. 

ചൈനയുമായി ലഡാക്കില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചതിന് ശേഷമാണ് പുതിയ റോഡ് നിര്‍മിക്കാനുള്ള അനുമതി ലഭ്യമായത്. ദൗലത് ബേഗ് ഓള്‍ഡിയിലെക്കുള്ള മറ്റൊരു പാതയ്ക്കുള്ള നടപടികളും ഇതിനോടനുബന്ധിച്ച് തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ 14-ാം കോര്‍പ്‌സിനാണ് റോഡിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 

Content Highlights: India building new road to Ladakh, for facilitating troop movement without observation from enemy