പ്രതീകാത്മ ചിത്രം | Photo - PTI
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമര്‍ശിച്ചു. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജൂണ്‍ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യന്‍ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്‌നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലും ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഈ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. വിജയവാഡ സ്വദേശിയ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.
content highlights: India blames China for violent face-off in eastern Ladakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..