ഹർഷ് വർദ്ധൻ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഭാവിയില്‍ പകര്‍ച്ചവ്യാധികളോട് സമയബന്ധിതവും ഫലപ്രദവുമായി പ്രതികരിക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗസൈഷന്‍ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മൂലം കോവിഡ് ഉണ്ടാക്കുന്ന ആഗോള പ്രതിസന്ധി, കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് പരാജയപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ സഹകരണം നടത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഉയര്‍ത്തിക്കാട്ടി.
നമ്മുടെ അനുഭവങ്ങളും പഠനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കണ്ടെത്തലുകളും കൈമാറ്റം ചെയ്യുന്നത് അഭികാമ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകുന്ന ഇതത്തരം പ്രതിസന്ധികളെ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും വിശ്വസിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അതുവഴി ഭാവിയിലെ പകര്‍ച്ചവ്യാധികളെ സമയബന്ധിതവും ഫലപ്രദവുമായി നേരിടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനാരോഗ്യ രംഗത്ത് നിക്ഷേപത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Content Highlights: India Believes There Is Urgent Need For Major Reforms In WHO: Health Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..