ന്യൂഡല്‍ഹി: പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീല്‍, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്യും. 

യു.കെ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത് വരെ വാക്‌സിന്‍ കയറ്റുമതി സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. 

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഉല്പാദനക്ഷമത, മുഴുവന്‍ മാനവരാശിക്കും വേണ്ടി വിനിയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുളള കയറ്റുമതി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല അറിയിച്ചിരുന്നു. 

പ്രധാനമന്ത്രിയുടെ ഈ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് വാക്‌സിന്‍ ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്നുളള അപേക്ഷകളോട് പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 യു.എസ്. കഴിഞ്ഞാല്‍ കോവിഡ് 19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് രണ്ടുമില്യണ്‍ ഡോസുകളാണ് ബ്രസീല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 

Content Highlights:India begins commercial export of Covishield vaccine