Image|Reuters
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ റെസ്പിറേറ്ററ്റി മാസ്കുകളുള്പ്പെടെ എല്ലാത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളുടേയും കയറ്റുമതിക്ക് ഇന്ത്യ താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.
വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ഉത്തരവിറക്കി. എന്‍-95 മാസ്കുകള്‍, തുണികള്‍,സര്‍ജിക്കല്‍ മാസ്കുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.
ഇന്ത്യയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് ആവശ്യമേറുമെന്ന സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യമൊരുങ്ങുന്നതിന്റെ ഭാഗമായാണ് നടപടി.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മാസ്ക് കയറ്റുമതിയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക വിപണിയില്‍ സര്‍ജിക്കല്‍ മാസ്കുകളുടെ ലഭ്യത കുറഞ്ഞു. യഥാര്‍ഥ വിലയേക്കാള്‍ പത്തിരട്ടി കൂടുതല്‍ വിലയ്ക്കാണ് ഈ മാസ്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കയറ്റുമതി ചെയ്തത്. ഇത് തുടര്‍ന്നാല്‍ ആവശ്യമുള്ളപ്പോള്‍ രാജ്യത്ത് മാസ്കുകള്‍ക്ക് ക്ഷാമം നേരിടുമെന്ന കാര്യം ഓള് ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അഡ്മിനിസ്ട്രേഷന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് നിരോധനം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
കൊറോണ വൈറസോ രോഗബാധ പടര്‍ന്നുപിടിച്ച ചൈനയില്‍ മാസ്കുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മെഡിക്കല്‍ മാസ്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ പ്ലാസ്റ്റിക് ഷീറ്റുകളും ബോട്ടിലുകളും പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും മാസ്കാക്കി മാറ്റിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: India bans export of all kinds of respiratory masks over corona virus threat, N-95 Mask
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..