ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിർമിക്കുന്ന കോവിഡ് വാക്‌സിന്‍ ബംഗ്ലാദേശിന് നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ. ഓക്സഫഡ്-അസ്ട്രാസെനക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായ ശേഷം മൂന്ന് കോടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ ബംഗ്ലാദേശിന് കൈമാറും.
ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയവും വ്യാഴാഴ്ച ഇതുസംബന്ധിച്ച കരാരില്‍ ഒപ്പിട്ടു. വാക്‌സിന്‍ തയ്യാറായാല്‍ ആദ്യഘട്ടത്തില്‍ മൂന്ന് കോടി ഡോസുകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുമെന്ന് കരാരില്‍ ഒപ്പുവെച്ച ശേഷം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പുതിയ അധ്യായം കുറിക്കാന്‍ പോവുകയാണെന്ന് ബംഗ്ലദേശിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരൈസ്വാമി ട്വീറ്റ് ചെയ്തു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അയല്‍രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ സജീവമായ പങ്ക് വഹിക്കുമെന്നും മോദി പറഞ്ഞിരുന്നു.
നിലവില്‍ അഞ്ച് കോവിഡ് വാക്‌സിനുകളുടെ നിര്‍മാണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ഇതില്‍ നാലെണ്ണം രണ്ട്/മൂന്ന് ഘട്ട പരീക്ഷണത്തിലാണ്. അടുത്ത വര്‍ഷം തുടക്കത്തോടെ ആദ്യ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശിന് പുറമേ മ്യാന്‍മര്‍, ഖത്തര്‍, ഭൂട്ടാന്‍, ബഹ്‌റൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ വികസിപ്പിക്കുന്ന വാക്‌സിനില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
content highlights: India, Bangladesh seal vaccine deal, Serum Institute to supply 3 crore doses