ന്യൂഡല്‍ഹി: ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്.  ഇതുള്‍പ്പെടെ ഏഴ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാം. യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി സാധിക്കും. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ഈ നീക്കം. ഓസ്‌ട്രേലിയയ്ക്കു മുമ്പ് അമേരിക്കയുമായി സമാനമായ കരാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒപ്പുവെച്ചിരുന്നു. 

ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി മോദി ഉഭയകക്ഷി ചര്‍ച്ച വിര്‍ച്വലായി നടത്തുന്നത്.  ഇന്ത്യ- ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്നാണ് മോദി ഈ ചര്‍ച്ചയെ വിശേഷിപ്പിച്ചത്.  മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങള്‍ സംസാരിച്ചെന്നും മോദി പിന്നീട് പറഞ്ഞു. 

കൊറോണ പ്രതിസന്ധിയെ അവസരാമായി കാണാനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മേഖലയിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനങ്ങള്‍ താഴെത്തട്ടില്‍ ഉടന്‍ പ്രകടമാകുമെന്നും മോദി പറയുന്നു. പ്രതിസന്ധിഘട്ടത്തില്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സമൂഹത്തിനെ സംരക്ഷിക്കുന്നതിന് മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചു.

Content Highlights: India, Australia seal deal to use each other's military bases