പ്രതീകാത്മക ചിത്രം | AP
ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ആസ്ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും നികുതി ഒഴിവാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ശനിയാഴ്ച നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
തുണിത്തരങ്ങള്‍, തുകല്‍, ചില കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യമേഖല, കായിക ഉത്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് കരാര്‍ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കും. ആഭ്യന്തര ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പ്രധാനമേഖലകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാരവും സംബന്ധിച്ച കരാറില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വാണിജ്യമന്ത്രി ദാന്‍ ടെഹാനുമാണ് ഒപ്പിട്ടത്. ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായകമാണ് ഈ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പരസ്പരസൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണും പറഞ്ഞു. അടുത്ത നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 10 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മോറിസണ്‍ പറഞ്ഞു.
ഇരുരാജ്യത്തിനും ഗുണം
രണ്ട് രാജ്യത്തിനും വിപുലമായ കമ്പോളങ്ങള്‍ തുറന്നുകിട്ടും. കോവിഡ്കാരണമുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ വഴിയൊരുക്കും. ചൈനയുടെ കമ്പോളമേധാവിത്വത്തിന് ബദലായി ഒരു വിതരണശൃംഖല എന്നനിലയിലും കരാര്‍ നിര്‍ണായകമാണ്. നാലുമാസംകൊണ്ടാണ് കരാര്‍ പ്രയോഗത്തില്വരുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷിവ്യാപാരം രണ്ടുലക്ഷം കോടിരൂപയില്‍ നിന്ന് മൂന്നുലക്ഷം കോടിരൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ 15 പ്രധാന വ്യാപാരപങ്കാളികളില്‍ ഒന്നാണ് ഓസ്ട്രേലിയ.
96.4 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നികുതിരഹിത കയറ്റുമതിക്ക് അവസരം. നിലവില്‍ 4-5 ശതമാനംവരെ കയറ്റുമതി ചുങ്കമുണ്ട്.
ഓസ്ട്രേലിയയുടെ 85 ശതമാനം ഉത്പന്നങ്ങള്‍ക്കും നികുതിരഹിത ഇറക്കുമതി.
കല്‍ക്കരി, ചെമ്മരിയാടിന്റെ മാംസം, എല്‍.എന്‍.ജി., തുകല്‍, മാംഗനീസ്-ടൈറ്റാനിയം പോലെയുള്ള ധാതുക്കള്‍, വൈന്‍ തുടങ്ങിയവയാണ് ഓസ്ട്രേലിയയില്‍നിന്നുള്ള പ്രധാന ഇറക്കുമതി ഇനങ്ങള്‍.
ഇന്ത്യന്‍ വ്യവസായമേഖലയ്ക്ക് വിലക്കുറവില്‍ അസംസ്കൃതസാമഗ്രികള് ലഭിക്കും.
ഓസ്ട്രേലിയക്ക് വിപുലമായ ഇന്ത്യന്‍ കമ്പോളം കരാറിലൂടെ ലഭിക്കും.
Content Highlights: India - Australia economic cooperation PM Narendra Modi Scott Morrison
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..