ന്യുഡല്‍ഹി: അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കരുതെന്ന് ചൈനയോട് ഇന്ത്യ. ചൈന വിഷയത്തെ ഏകപക്ഷീയമായി വീക്ഷിക്കരുതെന്നും ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു.

അയല്‍ക്കാര്‍ എന്നതിലുപരി, ഇന്ത്യയും ചൈനയും വലുതും വളര്‍ന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥയാണ് അതിനാല്‍ അഭിപ്രായങ്ങളില്‍ 'വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നത് അസാധാരണമല്ലെ'ന്ന് ഇന്ത്യ-ചൈന ബന്ധത്തെപ്പറ്റിയുള്ള ഒരു ഉന്നതതല ചര്‍ച്ചയില്‍ സംസാരിക്കവെ ചൈനയിലെ ഇന്ത്യന്‍ പ്രതിനിധി വിക്രം മിസ്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയില്‍ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാതിരിക്കാനും അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനുമുള്ള നടപടികളാണ് ഇന്ത്യ തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഓഫ് സിചുവാന്‍ യൂണിവേഴ്‌സിറ്റി (SCU), ചൈന സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് (MP-IDSA) എന്നിവരുടെ സംയുക്ത ആതിഥേയത്വത്തില്‍ നടന്ന യോഗത്തില്‍ നിരവധി മുന്‍ പ്രതിനിധികളും വിദഗ്ദരും പങ്കെടുത്തിരുന്നു. മിസ്രിയെ കൂടാതെ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോങ്ങും യോഗത്തില്‍ പങ്കെടുത്തു.

നിയന്ത്രണ രേഖയിലെ 3,488 കിലോമീറ്റര്‍ നീളമാണ് നിലവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഉള്‍പ്പെടുന്നത്. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു, ഇന്ത്യ അത് ശക്തമായി നിരസിക്കുകയും ചെയ്യുന്നു.

തര്‍ക്കപരിഹാരത്തിനായി ചര്‍ച്ചതുടരുന്നതിനിടെ യഥാര്‍ഥ നിയന്ത്രണരേഖയോടുചേര്‍ന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുള്‍പ്പെടെ ചൈന പുതിയ 10 വ്യോമതാവളങ്ങള്‍ തുറന്നിരുന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ് അതിര്‍ത്തികളിലാണ് ഇന്ത്യന്‍ സൈനികനീക്കം നിരീക്ഷിക്കാനുള്ള സംവിധാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചൈന സ്ഥാപിച്ചത്.

നിരീക്ഷണഗോപുരവും ദീര്‍ഘദൂരത്തില്‍ കാണാവുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളുമടങ്ങുന്ന സംവിധാനവും ഇതിലുള്‍പ്പെടും. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ 16 മാസമായി തുടരുന്ന സംഘര്‍ഷത്തിനിടയിലുള്ള ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

Content Highlights: India asks China not to confuse border issues with questioning boundaries