ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ അശ്വഗന്ധയ്ക്ക് സാധിക്കുമോ എന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്താൻ ഒരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ട്രോപ്പിക്കൽ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക.

യുകെയിലെ രണ്ടായിരത്തോളം പേരിൽ അശ്വഗന്ധയുടെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനായി ആയുഷ് മന്ത്രാലയത്തിന് കീഴിലുളള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും എൽഎസ്എച്ച്ടിഎമ്മും ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലെയ്സെസ്റ്റർ, ബിർമിങ്ഹാം, ലണ്ടൻ എന്നീ മൂന്നുനഗരങ്ങളിലായിരിക്കും പരീക്ഷണം.

ഇന്ത്യൻ വിന്റർ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ. ഈ ഔഷധ സസ്യത്തിന് പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനുളള കഴിവുണ്ട്.

അശ്വഗന്ധ പരീക്ഷണം വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ കോവിഡ് ചികിത്സയിൽ അത് നിർണായകമാവും. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിക്ക് ശാസ്ത്രീയസാധുത നൽകാനും ഇതിലൂടെ സാധിക്കും.

അശ്വഗന്ധയുടെ ഗുണഫലങ്ങൾ അറിയുന്നതിനായി നിരവധി പഠനങ്ങൾ നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഒരു വിദേശ സ്ഥാപനവുമായി ചേർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.

 

Content Highlights:India and UK to conduct clinical trials of Ashwagandha