ന്യൂഡല്‍ഹി:  ഇന്ത്യയുമായി നാവികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാറിന് ജപ്പാന്‍ ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചകോടിയില്‍ നാവികസേനാ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ അനുവദിക്കാനുള്ള കരാറും ചര്‍ച്ചയാകും.

നാവികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവികതയാണ് തെളിയിക്കുന്നതെന്നാണ് ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെഞ്ചി ഹിറമാത്സു പറയുന്നു. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങളിലെയും നാവികസേനകള്‍ക്ക് പരസ്പരം നാവിക താവളങ്ങള്‍ കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായും ഉപയോഗപ്പെടുത്താന്‍ സാധിക്കും.

മലാക്കാ കടലിടുക്കില്‍ കൂടിയുള്ള ചൈനീസ് നാവികസേനാ കപ്പലുകളെ നിരീക്ഷിക്കാനായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ പടക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ജപ്പാന്റെ അധീനതയിലുള്ള നാവികതാവളങ്ങളെ ഉപയോഗിക്കാന്‍ കരാര്‍ വഴിയൊരുക്കും. 

സമാനമായി ഇന്ത്യയും അമേരിക്കയും 2016 ല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ ചൈന ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാനും സമാനമായ കരാറിന് ശ്രമിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളും പ്രതിരോധരംഗത്ത് സഹകരിക്കുന്നുണ്ട്. എല്ലാവര്‍ഷവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികാഭ്യാസം സംയുക്തമായി നടത്തുന്നുമുണ്ട്.

Content Highlights: Military Logistics agreement, India, Japan,China