74ാ-മത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കിയപ്പോൾ. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലതത്തില്‍ മുന്‍കരുതലുകളും കര്‍ശന സുരക്ഷയുമായി 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.
കോവിഡ്19 സാഹചര്യവുമായി ബന്ധപ്പെട്ട മുന്കരുതലുകളില് നടത്തുമ്പോള്‍ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിര്‍ത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാര്‍ഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റീന് ചെയ്തവരാണ്.
ചെറിയ കുട്ടികള്‍ക്ക് പകരം ഇത്തവണ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എന്‍സിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്കുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വിവധയിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കും. ആളുകളുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കള്‍ക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റല്‍ ഡിറ്റക്ടറുകളുള്ള കൂടൂതല്‍ കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്.
കവാടങ്ങളില്‍ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചിത്വവത്കരണം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്കായി നാല് മെഡിക്കല്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ആംബുലന്‍സുകളും ഒരുക്കി നിര്‍ത്തും.
ക്ഷണിതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. വന്‍ സുരക്ഷാ വലയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.
Content Highlights: Independence Day-special arrangements for celebrations at Red Fort
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..