ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസംഘത്തിന്റെ പരിഗണനയില്‍. കോവിഷീല്‍ഡ് വാക്‌സിന്റെ ഇരുഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്ട്രതല പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ അടുത്തയാഴ്ച അന്തിമതീരുമാനമുണ്ടാകും. 

പുണെയിലെ സിറം ഇന്‍സ്റ്റിട്യൂട്ട് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള നാല്-ആറ് ആഴ്ചയില്‍ നിന്ന് ആറ്-എട്ട് ആഴ്ചയായി ഏപ്രിലില്‍ വര്‍ധിപ്പിച്ചിരുന്നു. ഓക്‌സ്‌ഫഡും അസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവിഷീല്‍ഡ്. രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാ പൗരര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താത്കാലികപരിഹാരം നല്‍കാന്‍ ഇടവേള ദീര്‍ഘിപ്പിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

12 ആഴ്ചയുടെ ഇടവേളയില്‍ ഡോസുകള്‍ നല്‍കുന്നത് കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 81.3 % വരെ വര്‍ധിപ്പിക്കുമെന്ന് ലാന്‍സെറ്റ് ജേണലില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലുണ്ട്. ആറ് ആഴ്ചയുടെ ഇടവേളയില്‍ കോവിഷീല്‍ഡ് ഡോസുകള്‍ നല്‍കുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്തി 55.1 % മാത്രമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

ബ്രിട്ടനിലും ബ്രസീലിലും നടത്തിയ അവസാനഘട്ട പരീക്ഷണങ്ങളില്‍ പകുതി ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കി ഒരു മാസത്തിന് ശേഷം മുഴുവന്‍ ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ ഫലപ്രാപ്തി 90% വരെ മെച്ചപ്പെടുന്നതായി കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍ ആധികാരികമായ തെളിവുകളുടെ അഭാവം ഈ കണ്ടെത്തലിനെ ദുര്‍ബലപ്പെടുത്തുന്നു. യുകെ, കാനഡ എന്നീ രാജ്യങ്ങളില്‍ 12 മുതല്‍ 16 ആഴ്ചകളുടെ ഇടവേളയിലാണ് കോവിഷീല്‍ഡ് സോസുകള്‍ നല്‍കി വരുന്നത്. ഇടവേളാകാലം ദീര്‍ഘിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധപ്രതികരണം കൂടുതല്‍ മെച്ചപ്പെടുത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയില്‍ കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കുന്നത് രണ്ടു തരത്തില്‍ സഹായകമാവും. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം മൂലം കുതിച്ചുയര്‍ന്ന വാക്‌സിന്‍ ആവശ്യകത നേരിടാന്‍ ഇടവേള വര്‍ധിപ്പിക്കുന്നത് സഹായിക്കുമെന്നതാണ് ആദ്യത്തേത്.  ഇടവേള കൂട്ടുന്നത് വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്നതാണ് രണ്ടാമത്തെ നേട്ടം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആദ്യഡോസ് നല്‍കാനായി വാക്‌സിന്‍ നീക്കി വെക്കാനാവും.

കോവിഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണന്ന് യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതരപാര്‍ശ്വഫലങ്ങളുണ്ടാവുകയോ ആരെങ്കിലും ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്ന് അസ്ട്രസെനക വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു. ഡോസുകള്‍ക്കിടയിലെ ഇടവേള കൂടുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുന്നതായും അസ്ട്രസെനക വ്യക്തമാക്കിയിട്ടുണ്ട്. 

 

Content Highlights: Increasing Interval Between Covishield Doses, Decision Likely Next Week