കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ തടയുന്നത് മൂലധനശക്തികളോടുള്ള പേടിയാണെന്ന് പ്രമുഖ ഇടതുപക്ഷ ധനതത്വശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിദ്ധീകരണമായ മന്ത്ലി റിവ്യുവില്‍ എഴുതിയ ലേഖനത്തിലാണ് പട്നായിക് മോദി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശമുയര്‍ത്തിയത്.
മോദി സര്‍ക്കാര്‍ ജനങ്ങളോടല്ല മൂലധന ശക്തികളോടാണ് പ്രതിബദ്ധത പുലര്‍ത്തുന്നതെന്നും ഇതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാതെ പിന്തിരിഞ്ഞുനില്‍ക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാവുന്നതെന്നും പട്നായിക് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാാളികളാണ് കൊവിഡ് 19ന്റെ പടയോട്ടത്തില്‍ നിരാലംബരും അശരണരുമായിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വളരെ തുച്ഛമായ ധനസഹായം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ധനക്കമ്മി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എന്നാല്‍ ഇതില്‍ നിന്നും സര്‍ക്കാര്‍ മാറിനില്‍ക്കുന്നത് മൂലധന ശക്തികകള്‍ക്ക് ഈ നടപടി ഇഷ്ടമാവില്ല എന്ന പേടികൊടണ്ടാണെന്നും പട്നായിക് വ്യക്തമാക്കി.
34,000 കോടിരൂപയുടെ പണക്കൈമാറ്റമുള്‍പ്പെടെ 92,000 കോടി രൂപയുടെ സാമ്പത്തിക സഹായ പദ്ധതിയാണ് സാധാരണക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് ജിഡിപിയുടെ 0.5 ശതമാനം മാത്രമേ വരുന്നുള്ളുവെന്നും പട്നായിക് ചൂണ്ടിക്കാട്ടി. രാജ്യം ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഭീകരമായ ദുരന്തമാണ് കൊവിഡ് 19 എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഈ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണ്.
58 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ശേഖരം സര്‍ക്കാരിനുണ്ട്. അര ട്രില്യണ്‍ വിദേശനാണ്യ ശേഖരവും കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലുണ്ട്. റാബി വിളയും നന്നാകുമെന്ന സൂചനയാണുള്ളത്. ഈ സാഹചര്യത്തില്‍ ധനക്കമ്മി കൂറച്ച് കൂടുന്നതുകൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ ക്ഷതമൊന്നുമേല്‍ക്കില്ലെന്ന് പട്നായിക് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ അതിന് തയ്യാറാവാത്തതുകൊണ്ട് ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്.
ധനക്കമ്മി കൂടിയാല്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ മൂല്യം കുറയ്ക്കുമെന്ന പേടിയാണ് ഭരണകൂടത്തിനെ നയിക്കുന്നത്. അങ്ങിനെയുണ്ടായാല്‍ അത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും ഇന്ത്യന്‍ വിപണിയില്‍ നിന്ന് മൂലധനം കനത്തതോതില്‍ പുറത്തേക്ക് പോവാന്‍ അതിടയാക്കുമെന്നുമാണ് ഭരണകൂടം പേടിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതലായി ഇടിയാന്‍ ഇത് കാരണമാകുമെന്ന പേടിയും ഭരണകൂടത്തിനുണ്ട്. എന്നാല്‍ നിലിവലെ അസാധാരണ സാഹചര്യത്തില്‍ ഇങ്ങനെ മൂലധനം പുറത്തേക്ക് കൊണ്ടുപോവുന്നത് നിയമപരമായി തടയാന്‍ വേണ്ടിവന്നാല്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് പട്നായിക് ചൂണ്ടിക്കാട്ടി.
എന്നാല്‍ മൂലധന ശക്തികളെ പിണക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളുടെ കഷ്ടപ്പാട് ഇല്ലാതാക്കാല്ല മൂലധന ശക്തികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ധനലഭ്യതയ്ക്ക് കേന്ദ്ര സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നതെന്നതിനാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈയ്യയച്ച് സഹായിക്കാത്തത് സംസ്ഥാന സര്‍ക്കാരുകളെയും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണെന്ന് പട്നായിക് ചൂടണ്ടിക്കാട്ടി. കൂടുതല്‍ പണം കടം വാങ്ങുന്നതിനുപോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ല. ഈ സംഘര്‍ഷം വരും ദിനങ്ങളില്‍ മൂര്‍ച്ഛിക്കുമെന്നും ആത്യന്തികമായി സാമ്പത്തിക ആഗോളവത്കരണത്തിന്റെ മരണമണിയാണ് മുഴങ്ങാന്‍ പോകുന്നതെന്നും പട്നായിക് പ്രവചിക്കുന്നു.
Content Highlights: The central government does not allow states to borrow more money