ന്യൂഡല്‍ഹി: ആസൂത്രിതമല്ലാത്ത വാക്‌സിന്‍ വിതരണം ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരും കോവിഡ് 19 ദേശീയ കര്‍മസേനയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വലിയതോതിലുളള വാക്‌സിന്‍ വിതരണത്തിനുപകരം ദുര്‍ബലവിഭാഗങ്ങള്‍ക്കും അപകടസാധ്യത കൂടുതലുളളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിനാണ് നിലവില്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിയോളജിസ്റ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുളള വിദഗ്ധര്‍ തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഈ ഘട്ടത്തില്‍ എല്ലാ പ്രായക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് പകരം ലോജിസ്റ്റിക്‌സ്, എപ്പിഡെമിയോളജിക്കല്‍ ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം വാക്‌സിന്‍ മുന്‍ഗണന തീരുമാനിക്കപ്പെടേണ്ടത്. എല്ലാവര്‍ക്കും ഒരുമിച്ച് വാക്‌സിന്‍ ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും. ജനസംഖ്യാതലത്തില്‍ പ്രഭാവം ചെലുത്താന്‍ സാധിക്കുകയുമില്ല, പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ പറയുന്നു. 

ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് തെളിവുകളുടെ പിന്‍ബലമില്ലെന്നും അതിനുവേണ്ടിവരുന്ന ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുണകരമല്ലെന്നും റിപ്പോർട്ട് പറയുന്നു. ആസൂത്രിതമല്ലാതെ നടത്തുന്ന ഇവ വൈറസ് വകഭേദങ്ങള്‍ക്ക് പ്രോത്സാഹനമാകും. വലിയതോതിലുളള, വിവേചനരഹിതമായ, അപൂര്‍ണമായ വാക്‌സിനേഷന്‍ വൈറസ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കരുത്ത് പകരും. 

കോവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ല. കോവിഡ് ബാധയ്ക്ക്  ശേഷം വാക്‌സിന്‍ ഫലപ്രദമാണ് എന്ന് തെളിവുകള്‍ ലഭിച്ചതിന് ശേഷം ഇവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാം. 

വാക്‌സിന്‍ ഇടവേളകള്‍ വിതരണം ചെയ്യുന്ന പ്രദേശത്തേയും ജനസംഖ്യയെയും അടിസ്ഥാനമാക്കി വേണം നിശ്ചയിക്കാനെന്നും വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പ്രദേശത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഡോസ് കുറഞ്ഞ ഇടവേളയ്ക്കുളളില്‍ വിതരണം ചെയ്യണം. കൊറോണ വൈറസിനെതിരായ വളരെ ശക്തമായ ആയുധമാണ് വാക്‌സിന്‍. അത് പിടിച്ചുവെക്കുകയോ, വിവേചനരഹിതമായി ഉപയോഗിക്കുകയോ ചെയ്യരുത്, പകരം വളരെ തന്ത്രപരമായി പരമാവധി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഉപയോഗിക്കണം. 

എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ എന്നത് ശരിയാണെങ്കിലും പരിമിതമായ വാക്‌സിന്‍ ശേഖരവുമായി കോവിഡിനെതിരേ പോരാടുകയാണ് രാജ്യം എന്നുളളതാണ് വസ്തുത. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ കുറയ്ക്കുന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്. അവരില്‍ ഭൂരിഭാഗവും പ്രായമുളളവരും മറ്റുഅസുഖങ്ങളുളളവരും അമിതവണ്ണമുളളവരുമെല്ലാമാണ്. അതിനാല്‍ ചെറുപ്പക്കാര്‍ക്ക് നിലവിലെ പരിമിതികള്‍ കണക്കിലെടുത്ത് വാക്‌സിന്‍ വിതരണം ചെയ്താല്‍ അത് ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുണകരമല്ല. 

രണ്ടാംതരംഗം അവസാനിക്കുന്നതോടെ പ്രാദേശികതലത്തിലുളള സീറോസർവേകള്‍ നടപ്പാക്കാനും വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് ജില്ലാതലത്തില്‍ എവിടെയാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കണ്ടെത്താന്‍ സഹായിക്കും. അത് വാക്‌സിനേഷന്‍ തന്ത്രങ്ങളെ നയിക്കാനും സഹായിക്കും. കോവിഡ് രോഗികളെ ദീര്‍ഘകാലം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് വീണ്ടും അണുബാധയേല്‍ക്കുന്നത്, തീവ്രത, അനുബാധയ്ക്ക് ശേഷമുളള പ്രതിരോധശേഷി എത്രനാള്‍ നില്‍ക്കും തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.