ഇന്‍ഡോര്‍: പാമ്പിനെ കണ്ടാല്‍ പേടിക്കാത്തവര്‍ ചുരുക്കം. പാമ്പിനെ ഓടിക്കണോ നമ്മളോടണോ എന്ന് ചിന്തിച്ചാലും പാമ്പിനെ തുരത്താം എന്ന തീരുമാനത്തിലാവും എത്തിച്ചേരുക. അത്തരത്തില്‍ ദുരിതത്തിലായ ഒരു പാമ്പിനെ സഹായിച്ച് വാര്‍ത്തകളിടം നേടിയിരിക്കുകയാണ് ഷേര്‍ സിങ് എന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍. 

ഇന്‍ഡോറിലെ ഒരു സ്‌കൂള്‍ പരിസരത്ത് പാമ്പിനെ കണ്ട് പരിഭ്രമിച്ച തൊഴിലാളികള്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പാമ്പിനെ വടിയുപയോഗിച്ച് പ്രഹരിച്ചതിനൊപ്പം പാമ്പിന് മേല്‍ കീടനാശിനി ഒഴിക്കുകയും ചെയ്തു. വെപ്രാളത്തിനിടെ കീടനാശിനി ഉള്ളിലാക്കിയ പാമ്പ് അവശനിലയിലായി. 

ഇത് കണ്ടെത്തിയ ഷേര്‍ സിങ് പാമ്പിന്റെ ഉള്ളിലെത്തിയ കീടനാശിനി ഒഴിവാക്കുള്ള ശ്രമം നടത്തി. ഷേര്‍ സിങ് ഒരു സ്‌ട്രോ ഉപയോഗിച്ച് പാമ്പിന്റെ വയറിനുള്ളിലേക്ക് വെള്ളമൊഴിച്ചു നല്‍കി. വെള്ളം ഉള്ളിലെത്തിയയുടന്‍ പാമ്പ് ഛര്‍ദ്ദിച്ചു. ഛര്‍ദ്ദിച്ചതോടെ പാമ്പ് അകത്താക്കിയ കീടനാശിനി പുറത്തു പോയി. 

തുടര്‍ന്ന് ബക്കറ്റില്‍ നിറച്ച വെള്ളത്തിലേക്ക് പാമ്പിനെയിട്ടതോടെ പാമ്പ് ഉഷാറായി. വിഷമില്ലാത്ത, ചേര വര്‍ഗത്തില്‍ പെട്ട പാമ്പായിരുന്നു അതെന്നും ആളുകള്‍ക്ക് പാമ്പിനെ കാണുമ്പോഴുണ്ടാകുന്ന പരിഭ്രമം കാരണമാണ് വിഷമില്ലാത്ത പാമ്പുകളേയും ഉപദ്രവിക്കുന്നതിനിടയാക്കുന്നതെന്ന് പരിസ്ഥിതി-വന്യജീവി സ്‌നേഹി കൂടിയായ ഷേര്‍ സിങ് പറയുന്നു. 

Content Highlights: Income Tax Officer Saves Injured Snake in Indore