ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍നിന്ന് വിലയേറിയ ആഭരണങ്ങള്‍ വാങ്ങിയ അമ്പതിലധികം അതിസമ്പന്നരുടെ ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പ്. ആഭരണങ്ങള്‍ വാങ്ങാനുപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആഭരണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള പണമിടപാട് നടത്തിയിട്ടില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഇവരുടെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആഭരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ പണത്തിന്റെ ഒരുഭാഗം ഇവര്‍ ചെക്ക്/ കാര്‍ഡ് എന്നിവയിലൂടെയും ബാക്കി പണമായുമാണ് നല്‍കിയതെന്നും ഇത് സാധൂകരിക്കുന്ന രേഖകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനവുമായി ഒരുവിധത്തിലുമുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നാണ് നോട്ടീസ് ലഭിച്ച അതിസമ്പന്നരില്‍ ഭൂരിഭാഗം പേരും മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് വകുപ്പ് ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 2014-15 മുതല്‍ ആഭരണങ്ങള്‍ വാങ്ങിയവരുടെ നികുതി റിട്ടേണാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുക.

ക്രമക്കേട് കണ്ടെത്തിയാല്‍ നികുതിവെട്ടിപ്പ് അടക്കമുള്ള നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കും. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള രെവാരിയിലെ ആശുപത്രി ഗ്രൂപ്പിന്റെ പരിസരത്ത് കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നീരവ് മോദിയുടെ സ്ഥാപനത്തില്‍നിന്ന് ഇവര്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നതായും ഇതിന്റെ പണം, പാതി നേരിട്ടും ബാക്കി കാര്‍ഡിലൂടെയുമാണ് നല്‍കിയത് എന്നു മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെയും കൂട്ടാളികളുടെയും പേരില്‍ ആദായനികുതി വകുപ്പ് മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Content highlights: Income tax dept will reassess tax return of over 50 high networth individuals who bought jwellery from nirav modi's firms