ഇറ്റാവ( ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ സ്‌കൂളിലേക്ക് പോകവെ കാണാതായ മുന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാവാ ജില്ലയിലെ സഹ്‌സോന്‍ ഏരിയയില്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് രണ്ടുപെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം മൂന്നാമത്തെ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടായേക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കാണ്‍പുര്‍ ദേഹാത്തിലുള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് മുന്നുപെണ്‍കുട്ടികളും. 

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ തലയില്‍ ശക്തമായി പ്രഹരിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ പീഡനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് പോലീസ് പറയുന്നു. കാണ്‍പുര്‍ ദേഹാത്ത് ജില്ലയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ എങ്ങനെ ഇവിചടെ എത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവരെ എവിടെ നിന്നാണ് തട്ടിക്കൊണ്ട് പോയതെന്നും പരിശോധിക്കുന്നുണ്ട്. 

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചെങ്കിലും സ്വയം അന്വേഷിക്കാനായിരുന്നു പോലീസ് നിര്‍ദ്ദേശിച്ചതെന്ന് ആരോപണമുണ്ട്. രണ്ടുപെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.