ആഗ്ര: നോട്ട് പിന്‍വലിക്കല്‍ ഗ്രാമീണ ജീവിതത്തെ കാര്യമായി ബാധിച്ചുവെന്ന ചര്‍ച്ചകള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ വന്ധ്യംകരണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുമെന്നതിനാലാണ് ആളുകള്‍ കൂട്ടത്തോടെ ഈ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്.

വന്ധ്യംകരണത്തിന് വിധേയമാകുന്ന പുരുഷന് 2,000 രൂപയും സ്ത്രീക്ക് 1400 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഗ്രാമങ്ങളില്‍ പണലഭ്യത കുറഞ്ഞതാണ് ആളുകളെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

ഉത്തര്‍പ്രദേശിലെ അലിഗഡ്, ആഗ്ര ജില്ലകളില്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വന്ധ്യംകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അലിഗഢില്‍ ഇതേസമയം ആകെ 92 പേരാണ് വന്ധ്യംകരണം നടത്തിയിരുന്നതെങ്കില്‍ നോട്ട് പിന്‍വലിക്കലിന് പിന്നാലെ ഈ വര്‍ഷം 176 പേര്‍ ഈ ശസ്ത്രക്രിയക്ക് വിധേയരായി. ആഗ്രയില്‍ ഇത് 913 ആണ്. 

ആഗ്രയില്‍ ഈ വര്‍ഷം ആകെ 2,272 പേരാണ് വന്ധ്യംകരണത്തിന് വിധേയരായത്. അതില്‍ 913 എണ്ണവും നവംബറില്‍ മാത്രമാണ് നടന്നത്. 

ബോധവല്‍ക്കരണം വിജയകരമായതിന്റെ സൂചനയാണ് ഇതെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. എന്നാല്‍ വളരെ പെട്ടന്ന് ഇത്രയധികം ആളുകള്‍ വന്ധ്യംകരണത്തിന് വിധേയമാകുന്നുവെങ്കില്‍ അതിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടാകാം.  

നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധയ്ക്ക് സാധ്യത വളരെ കുറവാണ്. ഇതും വന്ധ്യംകരണം വര്‍ധിക്കാന്‍ കാരണമാവാമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.