ന്യൂഡല്‍ഹി: കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹികമൂല്യങ്ങളെ തരംതാഴ്ത്തുന്നതായുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ മുന്‍കാല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രിയങ്ക ഗാന്ധി തീരഥ് സിങ് റാവത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധിച്ചത്. 

"ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു'', ആര്‍എസ്എസിന്റെ മുന്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമണിഞ്ഞ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗ്‌വതിന്റെ ഫോട്ടോയും ട്വീറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. 

വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് താന്‍ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദെഹ്‌റാദൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്. സാമൂഹികപ്രവര്‍ത്തനം നടത്തുന്ന ഒരു സന്നദ്ധസംഘടനാ പ്രവര്‍ത്തക കീറലുള്ള ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്കാശങ്ക ഉണ്ടാക്കിയെന്നും റാവത്ത് പറഞ്ഞിരുന്നു. 

ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിലേക്കിറങ്ങി ജനങ്ങളെ കാണുന്നതും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും സമൂഹത്തിനും നമ്മുടെ കുട്ടികള്‍ക്കും ഏതു വിധത്തിലുള്ള സന്ദേശമാണ് പകരുന്നതെന്നും റാവത്ത് ചോദിച്ചു. മുതിര്‍ന്നവര്‍ ചെയ്യുന്നത് കുട്ടികള്‍ അനുകരിക്കുമെന്നും വീടുകളില്‍ ശരിയായ സംസ്‌കാരികവിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ആധുനികശൈലി പിന്തുടര്‍ന്നാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും റാവത്ത് അഭിപ്രായപ്പെട്ടു. 

ധനികരായ കുട്ടികളെ പോലെ നമ്മുടെ കുട്ടികളേയും കീറലുള്ള ജീന്‍സിട്ട് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ജീന്‍സ് ധരിക്കുന്നതും ശരിയല്ലെന്ന് റാവത്ത് പറഞ്ഞു. വിദേശീയര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നഗ്നതാപ്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് പ്രസ്താവിച്ചിരുന്നു. 

റാവത്തിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മനസ്ഥിതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ജയ ബച്ചന്‍ പ്രതികരിച്ചു. 

Content Highlights: In Priyanka Gandhi's Takedown Of "Ripped Jeans" Comment, A Photo Of Modi