പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും നീണ്ട ചര്‍ച്ചകള്‍ നടത്തി ബിജെപി. മറുവശത്ത് അധികാരം പിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും ശ്രമം തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണ്. ഞായറാഴ്ച അര്‍ധരാത്രിയില്‍ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും പലഘട്ടങ്ങളിലായി തുടരുകയാണ്.

മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ സന്നദ്ധത മൂന്ന് എംഎല്‍എമാരുള്ള എം.ജി.പി നേതാവ് സുദിന്‍ ധവലികര്‍ ഗഡ്കരിയെ അറിയിച്ചു. ബിജെപിക്കായി പലതവണ ത്യാഗം സഹിച്ചിട്ടുണ്ട്. ഇത്തവണ തങ്ങളുടെ ആവശ്യം  അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പോസ്റ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.  മനോഹര്‍ പരീക്കറിനാണ് ഞങ്ങള്‍ പിന്തുണ നല്‍കിയിരുന്നത്. അല്ലാതെ ബിജെപിക്കല്ല. ഇനി ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നുമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് എംഎല്‍എമാരാണുള്ളത്.

ബി.ജെ.പി. എം.എല്‍.എ. ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. 

 മുന്‍ ബി.ജെ.പി. നേതാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഞായറാഴ്ച നടക്കുന്നതിനിടെയാണ് പരീക്കറുടെ മരണം സംഭവിച്ചത്.അതേസമയം ബി.ജെ.പി.യില്‍ ചേരുമെന്ന വാര്‍ത്തകള്‍ ദിഗംബര്‍ കാമത്ത് നിഷേധിച്ചു. ബി.ജെ.പി.യില്‍ ചേരുന്നത് രാഷ്ട്രീയാത്മഹത്യയാകുമെന്നും താന്‍ സ്വകാര്യാവശ്യത്തിനായാണ് ഡല്‍ഹിയില്‍ പോകുന്നതെന്നും കാമത്ത് പ്രതികരിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അറുതിയായത്. കാമത്ത് മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി വിടില്ലെന്നും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍കറും അവകാശപ്പെട്ടു.

Content Highlights: In Overnight Meet After Manohar Parrikar Death, Goa BJP Allies Talk Tough