നരേന്ദ്ര മോദി | ഫോട്ടോ: എഎൻഐ
ന്യൂഡൽഹി: ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദമായ ബി.എഫ്. - 7 ഇന്ത്യയിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്ക് ധരിക്കണമെന്നും രാജ്യത്ത് കോവിഡ് ടെസ്റ്റ് വർധിപ്പിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ പ്ലാറ്റ്, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. അതേസമയം, മാസ്ക് ധരിക്കുന്നത് കർശനമാക്കാന്‍ തീരുമാനം എടുത്തിട്ടില്ല.
നേഴ്സുമാരടക്കമുള്ള വിദഗ്ദരുടെ സേവനങ്ങള്‍ ഉറപ്പാക്കണം. പ്രായമായവർക്കും ആരോഗ്യസ്ഥിതി മോശമായവർക്കും മുൻകരുതൽ വാക്സിൻ എടുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദമായ ബി.എഫ്. - 7 നാല് കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചുചേര്‍ത്തത്.
രാജ്യത്ത് ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേര്‍ക്ക് വീതമാണ് പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചത്. ജൂലായ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ രോഗം ബാധിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തരായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
കോവിഡിന്റെ 10 വകഭേദങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷം നിര്‍ദ്ദേശം നല്‍കിയിരുന്നു.
Content Highlights: In Meet On Covid Urges Wearing Masks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..