ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് എംഎല്‍എമാര്‍ ഷില്ലോങില്‍ മാധ്യമങ്ങളെയും കാണും. 

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത്. 17 എംഎല്‍എമാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും തൃണമൂല്‍ ചേരിയിലേക്കെത്തിയതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായും തൃണമൂല്‍ മാറും. 

കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുള്‍ സാങ്മയുടെ കൂറുമാറ്റം. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മ പാര്‍ട്ടി വിട്ടത്. 

content highlights: In massive jolt to Congress, former CM Mukul Sangma, 11 other MLAs join TMC