അനോഖ മാളിലെത്തി വസ്ത്രങ്ങളും മറ്റും തിരഞ്ഞെടുക്കുന്നവർ | Photo : ANI
ലഖ്നൗവിലെ അനോഖ മാളിന് പേരുപോലെത്തന്നെ ഒരു അപൂര്‍വതയുണ്ട്. നിര്‍ധനര്‍ക്ക് അതിശൈത്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങളും തൊപ്പി, സോക്സ് തുടങ്ങിയവയും ഈ മാളിലെത്തി സൗജന്യമായി തിരഞ്ഞെടുക്കാം. റിക്ഷ വലിക്കുന്നവര്‍, മറ്റ് ദിവസക്കൂലിക്കാര്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്ക്കായി അഭ്യുദയകാംക്ഷികള്‍ സമ്മാനിക്കുന്ന വസ്തുക്കളാണ് ഇവിടെ സൗജന്യമായി നല്‍കിവരുന്നത്. നേരിട്ട് ഈ സൗജന്യം കൈപ്പറ്റുന്നതിന്റെ മാനസികവിഷമം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അനോഖ മാള്‍ ഈ സൗജന്യം ഒരുക്കുന്നത്. കഴിഞ്ഞ അഞ്ച് കൊല്ലങ്ങളായി ഇത് തുടര്‍ന്നുവരികയാണ്. ശീതകാല വസ്ത്രങ്ങളും മറ്റും ദാതാക്കളില്‍നിന്ന് ശേഖരിച്ച് പാവപ്പെട്ടവര്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കും. ഈ സൗജന്യം ആവശ്യമുള്ളവര്‍ക്ക് ഷോപ്പിങ് മാളിലെത്തി ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്ന് മാളിന്റെ നടത്തിപ്പുകാരനായ ഡോക്ടര്‍ അഹമദ് റാസ ഖാന് പറഞ്ഞു.
ആവശ്യക്കാര്‍ക്ക് മാളിലെത്തി തിരഞ്ഞെടുക്കാനുള്ള സൗകര്യമുള്ളതിനാല്‍ നേരിട്ട് സൗജന്യം സ്വീകരിക്കുന്നതിന്റെ വിഷമം സ്വീകരിക്കുന്നവര്‍ക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാറുണ്ട്. മാളില്‍നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുപോയി ചിലര്‍ മാര്‍ക്കറ്റില്‍ വില്പന നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഡോക്ടര്‍ അഹമദ് പറഞ്ഞു.
ചെരിപ്പ്, സ്യൂട്ട്കേസ്, സ്കൂള്‍ യൂണിഫോം, കമ്പിളിപ്പുതപ്പ്, കിടക്ക തുടങ്ങിയവയൊക്കെ നിര്‍ധനരായവര്‍ക്കായി മാളില്‍ ശേഖരിച്ചിട്ടുണ്ട്. ദാതാക്കളില്‍ ഭൂരിഭാഗം ഡോക്ടര്‍മാരാണെന്നും ഡോക്ടര്‍ അഹമദ് വ്യക്തമാക്കി. സൗജന്യമായി ലഭിക്കുന്ന എല്ലാ വസ്തുക്കളും വൃത്തിയുള്ളതും ഉപയോഗപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു. റിക്ഷ വലിക്കുന്നവര്‍, തൊഴിലാളികള്‍, തെരുവില്‍ കഴിയുന്നവര്‍ എന്നിവരാണ് സൗജന്യം കൈപ്പറ്റാനെത്തുന്നവരില് അധികവുമെന്നും ഡോ. അഹമദ് കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടത്തില്‍ ദാതാക്കളെ രംഗത്തെത്തിക്കാന്‍ പ്രയാസം നേരിട്ടെങ്കിലും പിന്നീട് ഉദ്ദേശ്യത്തിന്റെ നന്മ മനസിലാക്കിയതോടെ നിരവധിപേര്‍ സഹകരിക്കാന്‍ തുടങ്ങിയതായി ഡോ. അഹമദ് പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും അനവധിയാളുകള്‍ ഈ സംരംഭത്തെ അനുമോദിച്ച് രംഗത്തെത്തുന്നുണ്ട്.
Content Highlights: Lucknow Anokha Mall, Poor Can Take Clothes, Accessories For Free
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..