ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പട്ടു. 

വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തുകയും വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘുകരിക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ രണ്ടാം കോവിഡ് വ്യാപനം സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. അതിനാല്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനം കൂടുതല്‍ വേഗതയിലാക്കണം.

പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ ഡല്‍ഹിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും കെജ്രിവാള്‍ കത്തില്‍ അഭ്യര്‍ഥിച്ചു. 

അതിനിടെ ഡല്‍ഹിയില്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയിലെ വലിയൊരു ശതമാനം വാക്‌സിന്‍ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Content Highlights: In letter to PM Modi, Delhi CM seeks Covid vaccination for all