ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

"സാധാരണ ഗതിയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ല"- കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ആദ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യം ഞങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഫെബ്രുവരിയോടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും തുടര്‍ന്ന് ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാംനബി ആവശ്യപ്പെട്ടു.

കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. ബി.ജെ.പി നേതാക്കള്‍ക്ക് പോലും കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നാണ് ആഗ്രഹിക്കുന്നുണ്ടെന്നും ഗുലാം നബി പറഞ്ഞു.

Content Highlights: In J&K, state was downgraded to UT, it's like demoting CM to MLA: Ghulam Nabi Azad