ഇൻഡോർ: വീടെത്താനായി കാല്‍നടയായും അടച്ചിട്ട ട്രക്കുകളിലും സ്വന്തം നാട്ടിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളും ദൃശ്യങ്ങളിലും ലോക്ക് ഡൗണിലെ പതിവുകഴ്ചയാണ്. എന്നാല്‍ നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മികസറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ലോക്ക് ഡൗണ്‍ കാലത്തെ അരക്ഷിതാവസ്ഥയുടെ കാഠിന്യം വെളിവാക്കുന്നതായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ പരിശോധനയിൽ 18 കുടിയേറ്റ തൊഴിലാളികളെയാണ് കോണ്‍ക്രീറ്റ് മികസറിനുള്ളിൽ നിന്ന് പോലീസ് കണ്ടെത്തിയത്.   

നിത്യേനയുള്ള പരിശോധനയുടെ ഭാഗമായി മികസര്‍ നിര്‍ത്തിയപ്പോഴാണ് ദ്വാരത്തിലൂടെ 18 തൊഴിലാളികളെ കണ്ടെത്തിയത്.

"അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക്‌ യാത്ര പോവുകയായിരുന്നു. കോണ്‍ക്രീറ്റ് മികസര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്", ഡിഎസ്പി ഉമാകാന്ദ് ചൗധരി പറഞ്ഞു.

ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മികസറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നി മൂടി ഊരി നടത്തിയ പരിശോധനയിലാണ് 18 ഓളം തൊഴിലാളികളെ കണ്ടെത്തിയത്.

ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ദിവസം മുതല്‍ മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലാളികള്‍ യുപിയിലെ തങ്ങളുടെ വീടുകളിലേക്കെത്താന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ഇവര്‍ ട്രക്കില്‍ കയറിയത്. എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ നാട്ടിലെത്തിക്കാന്‍ ബസ് തരപ്പെടുത്തിയിട്ടുണ്ട്. 

വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.

content highlights: In Indore 18 migrant labourers found inside the concrete mixer, Lock down