ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാന്‍ ഭരണകൂടം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയത്. 

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയുംചെയ്ത സമയംമുതല്‍ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 

സപ്തംബര്‍ ഏഴ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍  അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

Content Highlights: In First Known Official Communication, Taliban Requests India to Start Commercial Flights