Manish Sisodia | Photo: ANI
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ദേശഭക്തി ബജറ്റ്' അവതരിപ്പിച്ച് ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി സര്‍ക്കാര്‍ 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'ദേശസ്‌നേഹത്തിന്റെ ഉത്സവം' ആഘോഷിക്കുമെന്നും സിസോദിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡല്‍ഹിയുടെ വരുന്ന 25 വര്‍ഷത്തേക്കുള്ള അടിസ്ഥാന ശിലയാണ് ഇത്തവണത്തെ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശഭക്തി മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക തുക ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ആഘോഷപരിപാടികളല്ല, രാജ്യമെമ്പാടും നടന്ന സ്വാതന്ത്ര്യ സമരത്തില്‍ ഡല്‍ഹിയുടെ പങ്ക് വ്യക്തമാക്കുന്നതായിരിക്കും ദേശഭക്തി മഹോത്സവ്.
ഡല്‍ഹിയിലെ 500 കേന്ദ്രങ്ങളില്‍ ത്രിവര്‍ണ പതാകകള്‍ സ്ഥാപിക്കും. ഇതിനായി 45 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെയും ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറിന്റെയും ജീവിതത്തെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ക്ക് 10 കോടി വീതം നീക്കിവെച്ചിട്ടുണ്ട്.
വിദ്യാലയങ്ങളില്‍ ദേശഭക്തിക്കായി പ്രത്യേക പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പീരീഡ് നീക്കിവെക്കും. ഡല്‍ഹിയിലെ ജനങ്ങളെ യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നതിന് പരിശീലകരെ നിയമിക്കുന്നതിന് 25 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് 50 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
Content Highlights: In 'Desh Bhakti' Budget, Manish Sisodia Combines Patriotism With Development for Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..