ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്ര ദൗത്യം സുപ്രധാന നാഴികകല്ല് പിന്നിട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ചന്ദ്രയാന്‍-2 ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പ്രതികരണം. ഇന്ന് രാവിലെ 9.02-നാണ് വെല്ലുവിളി നിറഞ്ഞ നിര്‍ണായക ഘട്ടം പിന്നിട്ടത്.

ചന്ദ്രയാന്‍-2 വിലെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ. എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും എഡിഎസ്എന്നിന്റെ പിന്തുണയോട് കൂടി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കും പേടകത്തെ നിരന്തരം നിരീക്ഷിച്ച് വരികയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പേടകത്തിന് ചന്ദ്രഭ്രമണപഥത്തിലേക്ക് കടക്കാനായി. വേഗതയും ചന്ദ്രനുമുകളിലുള്ള ഉയരവും കൃത്യമായിരിക്കേണ്ടതുണ്ട്. ഒരു ചെറിയ പിശക് പോലും ദൗത്യത്തെ പരാജയപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടുന്ന സെപ്റ്റംബര്‍ രണ്ടിനാണ് അടുത്ത നിര്‍ണായക ഘട്ടം. ലാന്‍ഡറിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിന് സെപ്റ്റംബര്‍ മൂന്നിന് മൂന്ന് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ചെറിയ 'സൂത്രവിദ്യ' തങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐ. എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കില്‍ നിന്നാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.

Content Highlights: In a significant milestone for India’s Moon Mission, Chandrayaan-2 Says ISRO Chief