മുംബൈ: ടോട്ടേ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. 'ഞാന്‍ ഹെലികോപ്റ്ററില്‍ കയറി ഫോട്ടോ സെഷനുവേണ്ടി വന്നതായിരുന്നില്ല, നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു' എന്ന് ഉദ്ധവ് താക്കറേ മറുപടി നല്‍കി. കൊങ്കണ്‍ മേഖലയില്‍ താക്കറേ നടത്തിയ സന്ദര്‍ശനം കേവലം മൂന്നു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നെന്ന ആരോപണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള താക്കറേയുടെ മറുപടി.

ചുഴലിക്കാറ്റ് നാശംവിതച്ച രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലാണ് ഉദ്ധവ് താക്കറേ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയത്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും കൃഷിനാശം സംബന്ധിച്ച കണക്കുകള്‍ രണ്ടു ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയെ കൂടാതെ ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയും ടോട്ടേ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിരുന്നു. 

താക്കറേയുടെ സന്ദര്‍ശനം മൂന്നു മണിക്കൂര്‍ മാത്രമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിമർശനവുമായി രംഗത്തെത്തി. വെറും മൂന്നുമണിക്കൂറുകൊണ്ട് എങ്ങനെയാണ് മുഖ്യമന്ത്രിക്ക് നാശനനഷ്ടങ്ങള്‍ വിലയിരുത്താനാകുക എന്ന് പ്രതിപക്ഷ നേതാവ് പര്‍വീണ്‍ ചോദിച്ചു. സന്ദര്‍ശനത്തിനിടയില്‍ മുഖ്യമന്ത്രി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയതായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിമര്‍ശിച്ചു. 

'എന്റെ സന്ദര്‍ശനം നാലു മണിക്കൂര്‍ ആയിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നോ? കുറഞ്ഞപക്ഷം ഞാന്‍ ഭൂമിയില്‍ നിന്ന് ദുരിതത്തിന്റെ ആഘാതം എത്രയെന്ന് പരിശോധിക്കുകയായിരുന്നു. എല്ലാതെ ഹെലികോപ്റ്ററില്‍ ഫോട്ടോയെടുക്കുകയായിരുന്നില്ല', ഉദ്ധവ് താക്കറേ പറഞ്ഞു. കഴിഞ്ഞദിവസം ഗുജറാത്തില്‍ ടോട്ടേ ചുഴലിക്കാറ്റ് നാശനനഷ്ടം വിതച്ച മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ ആകാശ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു താക്കറേയുടെ മറുപടി.

Content Highlights: In A Helicopter For A Photo Session, Uddhav Thackeray's Jibe At PM Modi, Cyclone Tauktae