ശ്രീനഗര്‍: ചരിത്രത്തില്‍ ആദ്യമായി ശ്രീനഗറില്‍ സി.ആര്‍.പി.എഫ്. മേധാവിയായി വനിതാ ഐപിഎസ് ഓഫീസര്‍ക്ക് നിയമനം. തെലങ്കാന കാഡറില്‍ നിന്നുള്ള 1996 ബാച്ച് ഐ.പി.എസ്. ഓഫീസറായ ചാരു സിന്‍ഹയെ ആണ് തീവ്രവാദ ഭീഷണിയുള്ള മേഖലയില്‍ ഐ.ജി ആയി നിയമിച്ചിരിക്കുന്നത്. 

ബുഡ്ഗാം, ഗണ്ടേര്‍പാല്‍, ശ്രീനഗര്‍, ലഡാക്കിലെ കേന്ദ്രഭരണപ്രദേശമേഖലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശ്രീനഗര്‍ സെക്ടര്‍. ജമ്മു കശ്മീര്‍ പോലീസുമായും സൈന്യവുമായും ചേര്‍ന്നാണ് ഈ മേഖലയില്‍ സി.ആര്‍.പി.എഫ്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2005-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സി.ആര്‍.പി.എഫ്. ശ്രീനഗര്‍ സെക്ടറില്‍ ഇതുവരെ ഐ.ജി പദവിയില്‍ ഒരു വനിത ഉദ്യോഗസ്ഥയെ നിയമിച്ചിട്ടില്ല. 

ഇതാദ്യമായല്ല തന്ത്രപ്രധാനമേഖലകളുടെ സുരക്ഷചുമതല ചാരുവിന് ലഭിക്കുന്നത്. നേരത്തെ നക്‌സല്‍ ആക്രമണം പതിവായിരുന്ന ബിഹാറില്‍ ഐജിയായും ചാരു സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നക്‌സല്‍ ഓപ്പറേഷനുകള്‍ ചാരുവിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നിട്ടുണ്ട്. പിന്നീട് സി.ആര്‍.പി.എഫ്. ജമ്മു സെക്ടറിന്റെ ചുമതലയും ചാരു സിന്‍ഹയ്ക്കായിരുന്നു. 

Content Highlights: In a first, female IPS officer to head Srinagar sector for CRPF